• 9 years ago
നെന്മാറ വല്ലങ്ങിവേല, അഥവാ നെന്മാറ വേലയ്ക്ക് പ്രശസ്തമാണ് നെന്മാറ. പാ‍ലക്കാട് ജില്ലയിലെ വേനൽക്കാലത്ത് വിളവെടുപ്പു കഴിഞ്ഞാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇവിടങ്ങളിലെ പ്രധാന കൃഷി നെൽകൃഷിയാണ്. കൊയ്ത്തുകഴിഞ്ഞ് വയലുകൾ ഉണങ്ങിക്കിടക്കുമ്പോഴാണ് വേല തുടങ്ങുക. തൃശ്ശൂർ പൂരത്തിനു സമാനമായി വലിയ ആഘോഷത്തോടെയാണ് നെന്മാറ വേല കൊണ്ടാടുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിലെ കുലദേവതയുടെ ജന്മദിനമോ അല്ലെങ്കിൽ ദേവി ഏതെങ്കിലും രാക്ഷസനെ കൊല്ലുന്നതിന്റെ സ്മരണയോ ആണ് നെന്മാറ വേലയായി ആഘോഷിക്കുന്നത്.

മലയാളമാസമായ മീന മാസം 20-നു ആണ് വേല തുടങ്ങുക. (ഏപ്രിൽ 2, അല്ലെങ്കിൽ 3-ആം തിയ്യതി). നെന്മാറ, വല്ലങ്ങി എന്നീ മത്സരിക്കുന്ന ഗ്രാമങ്ങൾക്ക് അവരുടേതായ ക്ഷേത്രങ്ങളും ഒരു പൊതുവായ അമ്പലവുമുണ്ട് (നെല്ലിക്കുളങ്ങര ക്ഷേത്രം). ഇവിടെയാണ് ഈ രണ്ട് ഗ്രാമങ്ങളിലെ ഉത്സവ സംഘങ്ങളും ഒന്നിച്ചു കൂടുക. വേല തുടങ്ങുന്ന ദിവസത്തിന് 10 ദിവസം മുൻപേ തന്നെ രണ്ടു ഗ്രാമ ക്ഷേത്രങ്ങളിലും കൊടിയേറ്റത്തോടെ ആഘോഷങ്ങൾ തുടങ്ങുന്നു. കൊടിയേറ്റം കഴിഞ്ഞാൽ ഗ്രാമവാസികൾ ഗ്രാമം വിട്ടുപോകുവാൻ പാടില്ല എന്നാണ് വയ്പ്പ്. പത്തു ദിവസത്തിനുശേഷം ആഘോഷങ്ങളോടെ രാത്രിയിൽ വേല തുടങ്ങുന്നു.

നെന്മാറ ഗ്രാമം വേല തുടങ്ങുന്നത് മന്നത്തുമുത്തി ക്ഷേത്രത്തിൽ നിന്നും വല്ലങ്ങി വേല തുടങ്ങുന്നത് ശിവക്ഷേത്രത്തിൽ നിന്നുമാണ്. ഓരോ സംഘത്തിനും 11 മുതൽ 15 വരെ ആനകൾ കാണും. നെറ്റിപ്പട്ടമണിഞ്ഞ് അലങ്കരിച്ച ഈ ആനകളെ വാദ്യങ്ങളോടെ ഗ്രാമത്തിലെ പ്രധാന നിരത്തുകളിലൂടെ നടത്തിക്കുന്നു. വൈകുന്നേരം രണ്ട് സംഘങ്ങളും നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ എത്തുന്നു. ഒഴിഞ്ഞുകിടക്കുന്ന കണ്ണെത്താത്ത നെൽ‌വയലുകളിൽ ഒരു വലിയ ജനാവലി തടിച്ചുകൂടുന്നു.

ഉത്സവത്തിന്റെ അവസാനം വെടിക്കെട്ട് ഉണ്ട്. ഇരു വിഭാഗങ്ങളും മത്സരിച്ച് നടത്തുന്ന ഈ വെടിക്കെട്ട് ഗംഭീരമാണ്. എല്ലാ വർഷവും വെടിക്കെട്ടിൽ പുതിയ വിദ്യകൾ പരീക്ഷിക്കുന്നു. ഉത്സവം കഴിഞ്ഞ് ദിവസങ്ങളോളം വെടിക്കെട്ടിന്റെ വലിപ്പവും നിറപ്പകിട്ടും ഗ്രാമങ്ങളിൽ സംസാരവിഷയമായിരിക്കും. ഇരു വിഭാഗങ്ങളും ആനകളുടെ എണ്ണത്തിലും പരസ്പരം തോൽപ്പിക്കുവാൻ നോക്കുന്നു.

Category

😹
Fun

Recommended